ആമുഖം
ചിറയത്ത് മഞ്ഞിയിൽ (മഞ്ഞില) കുടുംബങ്ങളുടെ ഒരു വിശാലകൂട്ടായ്‌മ ഉണ്ടാകണമെന്ന ചിരകാല അഭിലാഷം പൂവണിഞ്ഞത് 1997 മേയ് ഒന്നാം തിയ്യതിയിലെ മഹാസംഗമത്തോടെയായിരുന്നുവല്ലോ. മഹാസംഗംത്തിനുമുന്നോടിയായി മുക്കാട്ടുകരയിലെ ശ്രീ. ബിനോ ജോർജ്ജ്, തൃശൂരിലെ ശ്രീ. ജോജു മഞ്ഞില തുടങ്ങി ഒരു സംഘം യുവാക്കൾ മുൻകയ്യെടുത്തു 1997 ജനുവരി പന്ത്രണ്ടാം തിയ്യതി മുക്കാട്ടുക്കര സെൻറ്റ് ജോർജ്ജ് യു. പി. സ്‌കൂളിൽ വിളിച്ചു കൂട്ടിയ ആലോചനയോഗമായിരുന്നു ഇതിനെല്ലാം തുടക്കം കുറിച്ചത്. വിശാലമായ ഒരു കുടുംബ കൂട്ടായ്‌മ സ്ഥാപിക്കുക അതിനു മുന്നോടിയായ 1997 മേയ് 1ന് ഒരു സമ്പൂർണ കുടുംബസംഗമം സംഘടിപ്പിക്കുക എന്നതായിരുന്നു അന്നത്തെ ശക്തമായ തീരുമാനം. ഇതിനായി ശ്രീ. സി. കെ പോൾ പ്രസിഡണ്ടും ശ്രീ. സി. ഡി ടോണി സെക്രട്ടറിയുമായി ഒരു 25 അംഗകമ്മിറ്റി അന്നുതന്നെ രൂപികരിച്ചു പ്രവർത്തനം തുടങ്ങുകയുണ്ടായി. ഇതിനെ തുടർന്ന് നടന്ന സമഗ്രമായ കുടുംബസർവേയാണ് ഈ കുടുംബഡയറക്ടറിക്കു അടിസ്ഥാനമിട്ടത്. 1997ലെ സമ്പൂർണ്ണ സംഗമം ഒരു പരിപൂർണ വിജയമായിരുന്നു. വിദേശത്തു നിന്നും വിവിധ സംസ്ഥങ്ങളിൽ നിന്നും വൈദികരും സന്യാസിനികളും അൽമായരുമായ പ്രതിനിധികൾ പങ്കെടുത്തു എന്നതു തന്നെ സംഗമത്തിൻ്റെ വിജയം വിളിച്ചുപറയുന്നുണ്ട്. സമ്പൂർണ കുടുംബസംഗമത്തിലെ തീരുമാനങ്ങളിൽ പ്രധാനമായ (1 ) ഒന്നിടവിട്ട വർഷങ്ങളിൽ കുടുംബസംഗമങ്ങൾ നടത്തുക (2 ) ഫാമിലിവെൽഫെയർ ഫണ്ട് രൂപീകരിക്കുക (3 ) കുടുംബ ഡയറക്ടറി, കുടുംബ ചരിത്രം എന്നിവ പ്രസിദ്ധീകരിക്കുക എന്നിവയിരുന്നു. ഈ നിർദ്ദേശങ്ങൾ എല്ലാം തന്നെ ക്രമമായി നടപ്പിൽ വരുത്തിവരികയാണ്. ആയതിൻ്റെ തെളിവാണ് ഈ ഡയറക്ടറി എന്ന് തന്നെ പറയാം. മഹാസംഗമത്തെ തുടർന്ന് ഒന്നിടവിട്ട വർഷങ്ങളിൽ വിജയകരമായി കുടുംബസംഗമങ്ങൾ നടത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
തൃശൂർ നഗരം രൂപം എടുക്കുന്നതിന് മുമ്പ് തന്നെ, തൃശ്ശൂരിന്റെ കിഴക്കു മുക്കാട്ടുകര-നെട്ടിശ്ശേരി പ്രദേശങ്ങൾ ജനവാസ മേഖലയായിരുന്നു. ഭൂവുടമകളായ നമ്പൂതിരിമാരും കർഷക നായർ സമുദായക്കാരും കാർഷിക തൊഴിലാളികളായ അവർണരുമായിരുന്നു ഇവിടത്തെ നിവാസികൾ. അയിത്തമെന്ന അനാചാരം നിലവിലിരുന്നതിനാൽ ധാന്യങ്ങളും പൂജാദി വസ്തുക്കളും അവർണരുടെ കരസ്പർശനമേറ്റു മലിനമാക്കപ്പെടുന്നുണ്ടെന്നുള്ള ഒരു വിശ്വാസം സവർണരിൽ നിലനിന്നിരുന്നതിനാൽ ഇവ ശുദ്ധിയാക്കപ്പെടുന്നതിനു ഒരു ക്രിസ്ത്യാനിയുടെ സാന്നിദ്ധ്യവും സ്പർശനവും ആവശ്യമായി കണ്ട ഇവിടുത്തെ പ്രബലരായ പേരാറ്റുപുറം മനക്കാർ പ്രാചീന ക്രിസ്ത്യാനി കുടുംബങ്ങളിൽപെട്ട ചിറയത്ത് തറവാട്ടുകാരായ ഒരു കുടുംബത്തെ മുക്കാട്ടുകരയിൽ കൊണ്ട് വന്നു മനയ്ക്കടുത്ത് തന്നെ താമസിപ്പിക്കുകയും ഉപജീവനത്തിനായി സമീപത്തുമുള്ള മഞ്ഞിപ്പാടവും ഞാൽപറമ്പും നൽകുകയുമാണ് ഉണ്ടയിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് മുക്കാട്ടുകരയിലെ ക്രിസ്ത്യാനി അധിനിവേശം ആരംഭിക്കുന്നത്.
മഞ്ഞിപ്പാടവും മഞ്ഞിലങ്ങാടിയും ഉൾപ്പെട്ട ഭൂമികളുടെ മുഴുവൻ ജന്മാവകാശം പേരാറ്റുപുറം മനക്കാരുടേതായിരുന്നവെന്ന് ആധാരലക്ഷ്യങ്ങളിലും വില്ലജ് സെറ്റിൽമെന്റ് റജിസ്‌റ്ററിലും കാണുന്നുമുണ്ട്. മഞ്ഞിപ്പാടത്തിന് മേൽക്കരയിൽ താമസമാക്കിയ ഈ കുടുംബത്തിന്റെ പിൻതലമുറക്കാരെ മറ്റുള്ളവർ മഞ്ഞിയിൽ എന്ന് വിളിക്കുവാൻ തുടങ്ങുകയും പിന്നീട് ഈ വിളിപ്പേർ തറവാടിനോട് ചേർന്ന് അറിയപ്പെടുകയും ചെയ്തു .
തൃശൂർ നഗരം രൂപമെടുത്തപ്പോൾ തൃശ്ശൂരിലേക്കു പോയവർ മഞ്ഞിലക്കാരെന്നും, കണ്ടശംകടവിലേക്കു പോയവർ മഞ്ഞി എന്നും കേരളത്തിനു വെളിയിൽ പോയവർ മഞ്ഞിൽ എന്നും ഒക്കെ ആയി അറിയപ്പെടുകയാണിപ്പോൾ .
ശക്തൻ തമ്പുരാൻ കച്ചവടഭിവൃദ്ധിക്കായി 1970ൽ തൃശ്ശൂരിൽ കുടിയിരുത്തിയ 52 ക്രിസ്ത്യാനി കുടുംബങ്ങളിൽ മുക്കാട്ടുകരയിലെ ചിറയത്ത് കുടുംബവും ഉൾപ്പെട്ടിരുന്നു. മർത്തമറിയം വലിയ പള്ളി നഷ്ടപ്പെട്ടപ്പോൾ പകരം നിർമിച്ച പുത്തൻ പള്ളിക്കായി സ്ഥലം ഒഴിഞ്ഞു കൊടുത്തവരിലും മഞ്ഞിലക്കാർ ഉണ്ടായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആരംഭ മെമ്പർമാരിലും മഞ്ഞിലക്കാരുണ്ടായിരുന്നതായി ബാങ്കിന്റെ രജിസ്റ്റേർഡ് മെമ്മോറാണ്ടത്തിൽ കാണുന്നു. കച്ചവടരംഗത്ത് ഇതിനകം പ്രസിദ്ധം ആയിട്ടുള്ള ‘മഞ്ഞിലാസ്’ എന്ന ട്രേഡ് നെയിം നമ്മുടെ തറവാടിനൊരഭിമാനായി മാറിയിട്ടുണ്ട്. വിസ്താരഭയത്താൽ ഇത്രമാത്രം എഴുതി ചുരുക്കുന്നു.
ADVERTISEMENT